വിമാനയാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശിയായ 51 വയസുകാരൻ പിടിയിൽ
വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം നടത്തിയ 51 വയസുകാരൻ പിടിയിൽ. ദോഹ – ബെംഗളൂരു ഫ്ലൈറ്റിൽ വച്ചായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ തമിഴ്നാട് സ്വദേശിയായ അമ്മവാസയ് മുരുഗേശനെ ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആർ ഓഫീസറാണ് മുരുഗേശൻ. യാത്രക്കിടെ കുട്ടി മുരുഗേശൻ്റെ അടുത്താണ് ഇരുന്നത്. കുട്ടിയുമായി സംസാരിച്ച് തുടങ്ങിയ ഇയാൾ ഭക്ഷണമോ മറ്റോ വേണോ എന്ന് അന്വേഷിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ നിരുപദ്രവകരമെന്ന് അമ്മയ്ക്ക് തോന്നിയെങ്കിലും പിന്നീട് ഇയാൾ കുട്ടിയെ അനുചിതമായ നിലയിൽ സ്പർശിക്കുന്നുണ്ടെന്ന് കണ്ടു. ഇതോടെ അവർ വിവരം ഭർത്താവിനെ അറിയിച്ചു. ഇയാൾ വിവരം ഉടൻ ക്യാബിൻ ക്രൂവിൻ്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും വിമാനത്താവളത്തിലെത്തിയപ്പോൾ പൊലീസിനു കൈമാറുകയുമായിരുന്നു.