Friday, January 10, 2025
National

‘പ്രധാനമന്ത്രി എന്ത് പിഴച്ചു? എന്തിനാണ് അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നത്?: മണിപ്പൂർ മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കരുതെന്ന് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ട് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. പ്രതിഷേധങ്ങൾ തന്നെ വേദനിപ്പിക്കുന്നു. രണ്ട് മാസത്തോളമായി തുടരുന്ന വംശീയ സംഘട്ടനങ്ങൾക്കിടയിൽ സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതായി തോന്നിയെന്നും ബിരേൻ സിംഗ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഇത്തരമൊരു നിർണായക സമയത്ത് ചിലർ നമ്മുടെ നേതാക്കളുടെ കോലം കത്തിക്കാൻ തുടങ്ങി. എന്റെ കോലം കത്തിച്ചോട്ടെ, എനിക്ക് പ്രശ്‌നമല്ല. പക്ഷേ എന്തിനാണ് പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നത്? അദ്ദേഹം എന്ത് പിഴച്ചു? സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് മോദി’ – എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സിംഗ് പറഞ്ഞു.

മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വംശീയ അക്രമത്തിൽ ബാഹ്യശക്തികൾക്ക് പങ്കുണ്ടെന്ന് സൂചന നൽകി. വംശീയ സംഘട്ടനം മുൻകൂട്ടി ആസൂത്രണം ചെയ്തതായി തോന്നുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താഴ്‌വരയിൽ ഭൂരിപക്ഷമുള്ള മൈതേയിയും കുന്നുകളിൽ ഭൂരിപക്ഷമുള്ള കുക്കി ഗോത്രവും തമ്മിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതു മുതൽ മണിപ്പൂർ സംഘർഷഭരിതമാണ്.

പട്ടികവർഗ്ഗ വിഭാഗത്തിൽ (എസ്ടി) ഉൾപ്പെടുത്തണമെന്ന മെയ്‌റ്റികളുടെ ആവശ്യം കുക്കികളുടെ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം പിന്നീട് അക്രമത്തിൽ കലാശിച്ചു. നൂറിലധികം പേർ മരിച്ചു. ഇരു സമുദായങ്ങളും പരസ്പരം അതിക്രമങ്ങൾ ആരോപിക്കുന്നത് തുടരുന്നു. മെയ് മൂന്ന് മുതലാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചത്. രണ്ട് മാസം കഴിഞ്ഞിട്ടും സംഘർഷത്തിന് അയവ് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *