ആരാധകരെ നിരാശരാക്കി ഇന്ത്യ വിടാന്‍ ഒരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍
ലോകമെങ്ങും ആരാധകരുള്ള പ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി ഡേവിഡ്സണ് വിപണിയില്‍ ഇപ്പോള്‍ കാര്യമായി വില്‍പ്പനയില്ല. ഭാവിയിലും ഇന്ത്യന്‍ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലാണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയോട് വിട പറയാനൊരുങ്ങുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അമേരിക്കയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രഭാഗങ്ങള്‍ ഹരിയാനയില്‍ നിന്നും അസംബ്ള്‍ ചെയ്താണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ കേവലം 2500 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസത്തില്‍ വെറും 100 ബൈക്കുകള്‍ മാത്രമേ കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചുള്ളൂ.
ആഗോള തലത്തില്‍ തന്നെ ഏറ്റവും മോശം വില്‍പ്പനയാണ് കമ്പനിക്ക് ഇന്ത്യയില്‍ നിന്നുമുണ്ടായത്. ഹാര്‍ലിയുടെ ഏറ്റവും ജനപ്രിയ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവക്ക് 77,000 രൂപയുടെ ആനുകൂല്യം നല്‍കിയിട്ടു പോലും കാര്യമായ വില്‍പനയുണ്ടായില്ല.
ഹാര്‍ലി ഡേവിഡ്സണ്‍ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ള നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക് മേഖലയിലെ ചില ഭഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.