ബിഹാറിൽ 60 കാരന് വനിതാ കോൺസ്റ്റബിൾമാരുടെ ക്രൂര മർദ്ദനം|
ബീഹാറിലെ കൈമൂർ ജില്ലയിൽ 60 കാരനായ അധ്യാപകന് ക്രൂര മർദ്ദനം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന രണ്ട് വനിതാ കോൺസ്റ്റബിൾമാർ ചേർന്നാണ് 60 കാരനെ മർദ്ദിച്ചത്. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
നവൽ കിഷോർ പാണ്ഡെ എന്ന അധ്യാപകനെയാണ് പട്ടാപ്പകൽ ക്രൂരമായി മർദ്ദിച്ചത്. ഭാബുവയിലെ ജയ് പ്രകാശ് ചൗക്കിൽ വെള്ളിയാഴ്ചയാണ് സംഭവം. ബർഹുലി ഗ്രാമത്തിൽ നിന്നുള്ള കിഷോർ പാണ്ഡെയെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ നടുറോഡിൽ വച്ച് ലാത്തി കൊണ്ട് മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം.
നവൽ കിഷോർ പാണ്ഡെ സൈക്കിളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ വനിതാ കോൺസ്റ്റബിൾമാർ സൈക്കിൾ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ നിർത്തിയില്ല. തുടർന്ന് പ്രകോപിതരായ കോൺസ്റ്റബിൾമാർ സൈക്കിൾ വലിച്ചെറിയുകയും കാരണമില്ലാതെ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
“ഞാൻ ഡിപിഎസ് പർമൽപൂരിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. സൈക്കിളുമായി റോഡ് മുറിച്ചുകടക്കുമ്പോൾ രണ്ട് വനിതാ കോൺസ്റ്റബിൾമാർ എന്നെ തടഞ്ഞു. പക്ഷേ ഞാൻ അത് ശ്രദ്ധിച്ചില്ല, മുന്നോട്ട് പോയി. കോൺസ്റ്റബിൾമാരിൽ ഒരാൾ സൈക്കിളിന് മുന്നിലും മറ്റൊരാൾ സൈക്കിളിന്റെ പുറകിലും വന്ന് നിന്നു. പിന്നലെ 20 ലധികം തവണ ലാത്തി കൊണ്ട് അടിച്ചു. ലജ്ജ കാരണം പൊലീസിൽ പരാതി നൽകിയില്ല”-അദ്ദേഹം പറഞ്ഞു.