ഡാന്‍സ് വിഡിയോ വൈറലായി; രാമജന്മഭൂമി സുരക്ഷയ്ക്ക് വിന്യസിച്ച നാല് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്‍ഷന്‍
ഉത്തർപ്രദേശിലെ അയോധ്യ രാമജന്മഭൂമി സൈറ്റിൽ സുരക്ഷയുടെ ഭാഗമായി വിന്യസിച്ച നാല് വനിതാ പൊലീസ് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. ഡാന്‍സ് വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സസ്പെൻഷൻ. 4 പേരെ ഔദ്യോഗികമായി സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഭോജ്പുരി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന കോണ്‍സ്റ്റബിള്‍മാരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
യൂണിഫോം ധരിക്കാതെ സാധാരണ ഡ്രസിലായിരുന്നു പൊലീസുകാരുടെ ഡാന്‍സ്. കോൺസ്റ്റബിൾമാരായ കവിത പട്ടേൽ, കാമിനി കുശ്വാഹ, കാശിഷ് സാഹ്നി, സന്ധ്യാ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) മുനിരാജ് ജി ഉത്തരവിട്ടത്. അഡീഷണൽ എസ്.പി (സെക്യൂരിറ്റി) പങ്കജ് പാണ്ഡെ വ്യാഴാഴ്ച സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ.