Monday, January 6, 2025
National

കനത്ത സുരക്ഷയിൽ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗർ മോറിൽ നിന്നുമാണ് യാത്ര വീണ്ടും ആരംഭിച്ചത്. ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് യാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്.

ഉച്ചയ്ക്ക് 12.30 ഓടെ സാംബയിലെ ദുഗ്ഗർ ഹവേലിക്ക് സമീപം മാർച്ച് അവസാനിപ്പിക്കും. തുടർന്ന് ജില്ലയിലെ ചക് നാനാക് ഗ്രാമത്തിലേക്ക് നീങ്ങും. തിങ്കളാഴ്ച വിജയ്പൂരിൽ നിന്ന് യാത്ര പുനരാരംഭിച്ച് ജമ്മുവിലെ സിദ്രയിലേക്ക് പോകും. യാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസും സിആർപിഎഫും മറ്റ് സുരക്ഷാ ഏജൻസികളും കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

രാഹുൽ ഗാന്ധിക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച നർവാൾ മേഖലയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനങ്ങളിൽ ഒമ്പത് പേർക്ക് പരുക്കേറ്റതിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനിടെ ഭാരത് ജോഡോ യാത്രയ്ക്കിടെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഇഷർപ്രീത് സിംഗ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

പഞ്ചാബിലെ പാരാലിമ്പിക്‌സ് താരങ്ങളുടെ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം രാഹുൽ ഗാന്ധിയെ അറിയിച്ചു. എഎൻഐ റിപ്പോർട്ട് പ്രകാരം രാഹുൽ ഗാന്ധി തൻ്റെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമെന്നും കോൺഗ്രസ് അല്ലാതെ മറ്റൊരു മുന്നണിയും വിജയിക്കില്ലെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ശനിയാഴ്ച പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *