Friday, January 10, 2025
Kerala

ഗുണ്ടകളുമായുള്ള കൂട്ടുകെട്ടില്‍ കൂട്ടനടപടി; മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലമാറ്റി

ഗുണ്ടകളുമായും മണ്ണു മാഫിയയുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെയുള്ള മുഴുവന്‍ പേരെയും സ്ഥലം മാറ്റി. ഇന്നലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് 25 ഉദ്യോഗസ്ഥരെ റൂറല്‍ പൊലീസ് സൂപ്രണ്ട് ഡി ശില്‍പ സ്ഥലം മാറ്റിയത്.

പൊലീസിനുനേരെ ബോംബെറിഞ്ഞ പായിച്ചിറ ഗുണ്ടാസംഘത്തില്‍പ്പെട്ട ഷഫീഖ് എന്നയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ആര്യനാടുള്ള പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു. വീട്ടുടമസ്ഥന്‍ ആഭ്യന്തരമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനായിരുന്നു. വീട്ടുടമസ്ഥന്‍ വെള്ളമൊഴിക്കാന്‍ എത്തിയപ്പോള്‍ ഒളിവില്‍ കഴിയുന്നവരെ കാണുകയും ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുടമസ്ഥനെ കിണറ്റിലേക്ക് തള്ളുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് കൂടി പിന്നാലെയാണ് ആഭ്യന്തരവകുപ്പ് മംഗലപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട വിവരശേഖരണം ആരംഭിച്ചത്.

മംഗലാപുരം പൊലീസ് സ്റ്റേഷനിലെ നിരവധി പൊലീസുകാര്‍ക്ക് മണ്ണ് മാഫിയയുമായി ഉള്‍പ്പെടെ ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എസ്എച്ച്ഒ തന്നെ ഗുണ്ടകള്‍ക്ക് സഹായം നല്‍കുന്നു എന്നും കണ്ടെത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ ആയിരുന്ന സജീഷിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. മണ്ണ് മാഫിയയുമായി ബന്ധം പുലര്‍ത്തിയ അഞ്ച് സിപിഒമാരെ ഇന്നലെ വൈകുന്നേരം സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *