വെട്ടിനിരത്തല്‍; ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര വകുപ്പ്
സംസ്ഥാനത്ത് ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി കടുപ്പിക്കുന്നു. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചു. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഇടനില നിന്ന പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും നീക്കമുണ്ട്.
തലസ്ഥാന ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ ഗുണ്ടാ ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഗുണ്ടാ – പൊലീസ് ബന്ധത്തില്‍ അന്വേഷണം ആരംഭിച്ചത്. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് ഉള്‍പ്പെട്ട പാറ്റൂര്‍ ആക്രമണ കേസിനു പിന്നാലെ ഗുണ്ടകള്‍ക്ക് ചില പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം ചെയ്തിരുന്നതായും വിവരം ലഭിച്ചിരുന്നു.
പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് വിളിച്ചു വരുത്തി പരിശോധിച്ചു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പ് ശക്തമായ നടപടിക്കു നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരത്തു 2 ഡിവൈഎസ്പി മാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗുണ്ടകളുടെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും,
പണമിടപാട് നടത്തിയെന്നുമുള്ള റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയ പൊലീസുകാര്‍ക്കെതിരെ ഉടന്‍ വിജിലന്‍സ് അന്വേഷണവും ഉണ്ടാകും.
ഗുണ്ടകളുമായി വഴിവിട്ട ഇടപാടുകള്‍ നടത്തിയ മംഗലപുരം ഉള്‍പ്പടെ ചില പൊലീസ് സ്റ്റേഷനുകളില്‍ വലിയ അഴിച്ചു പണികള്‍ക്കും സാധ്യതയുണ്ട്. എസ്എച്ച്ഒമാരുടെ കൂട്ട സ്ഥലം മാറ്റാവുമുണ്ടായേക്കാം. ഗുണ്ടാ റിയല്‍ എസ്റ്റേറ്റ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്നലെ നാല് എസ്എച്ച്ഒ മാരെ സ്ഥലം മാറ്റിയിരുന്നു.