ഗുണ്ടാ തലവൻ യൂസഫ് സിയയുടെ ജയിൽ മാറ്റം; സുരക്ഷാ പ്രശ്‌നമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്
ഗുണ്ടാത്തലവൻ യൂസഫ് സിയയെ വിയ്യൂരിൽ നിന്ന് കാസർഗോഡ് സബ് ജയിലിലേക്ക് മാറ്റിയതിൽ സുരക്ഷാ പ്രശ്‌നമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. യൂസഫ് സിയ നേതൃത്വം നൽകിയ ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും സജീവമാകുമെന്നാണ് വിലയിരുത്തൽ. കാസർഗോഡ് പൈവളിഗെ സ്വദേശിയായ യൂസഫ് സിയ കൊച്ചി ബ്യൂട്ടീപാർലർ വെടിവയ്പ്പ് ഉൾപ്പടെ നാല് കൊലപാതക കേസുകളിൽ പ്രതിയാണ്.
ജയിലിലാണെങ്കിലും യൂസഫ് സിയയുടെ വേരുകൾ കാസർഗോട്ട് സജീവമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വിയ്യൂരിലെ അതീവ സുരക്ഷാ സെല്ലിലാണ് സിയ തടവിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇയാളെ കാസർഗോട്ടെത്തിക്കുന്നതോടെ വീണ്ടും ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങൾ സജീവമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ സിയയുമായി ബന്ധമുള്ള ചിലർ സബ് ജയിലിലുണ്ടെന്നും വിവരമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ പരിഗണിച്ച് സിയയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് സബ് ജയിൽ അധികൃതരുടെയും ആവശ്യം.
കാസർഗോഡ് പൈവളിഗെ സ്വദേശിയായ യൂസഫ് സിയ കൊച്ചി ബ്യൂട്ടീപാർലർ വെടിവയ്പ്പ് ഉൾപ്പടെ നാല് കൊലപാതക കേസുകളിൽ പ്രതിയാണ്. പ്രായമായ മാതാപിതാക്കൾക്ക് വിയ്യൂരിലെത്തി തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സിയ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ജയിൽ മാറ്റത്തിനായി കോടതി ഉത്തരവിട്ടത്.