Thursday, January 9, 2025
Kerala

കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ് തടയാൻ സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; കർഷകർക്ക് നൽകിയ സാമ്പത്തിക സഹായം സഭയിൽ വിശദീകരിച്ച് മന്ത്രി

കാർഷിക മേഖലയോട് സംസ്ഥാന സർക്കാരിന് ചിറ്റമ്മ നയമാണെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. റബറിന്റെ താങ്ങുവില അടിയന്തരമായി വർധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര സഹായമില്ലാതെ കർഷകർക്ക് നൽകിയ തുകയുടെ കണക്ക് പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മന്ത്രി പി പ്രസാദിന്റെ മറുപടി.

കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ് തടയാൻ സർക്കാർ ഇടപെടുന്നില്ലെന്ന ആരോപണവുമായിട്ടായിരുന്നു പ്രതാപത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ആത്മാർത്ഥതകാണിക്കുന്നില്ലെന്ന് നോട്ടീസ് നൽകിയ മോൻസ് ജോസഫ് കുറ്റപ്പെടുത്തി. കേന്ദ്രം കർഷകരെ വഞ്ചിച്ചാൽ ഒപ്പം കൂടാമെന്നാണോ സംസ്ഥാനം കരുതുന്നതെന്നും മോൻസ് ജോസഫ്.

കേന്ദ്രത്തെ പഴിചാരി പ്രതിപക്ഷ ആരോപണങ്ങൾക്ക് പ്രതിരോധം തീർത്ത മന്ത്രി പി പ്രസാദ്, കേന്ദ്രസഹായം ഇല്ലാതെ കർഷകർക്ക് നൽകിയ സാമ്പത്തിക സഹായവും സഭയിൽ വിശദീകരിച്ചു.

കാർഷിക കടാശ്വാസ കമ്മീഷൻ ഈ സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 150 കോടി ഇനിയും അനുവദിച്ച് നല്കാനുണ്ട്.1 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയിട്ടില്ല. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *