Saturday, January 4, 2025
Kerala

ഇന്ധനവില വർധനവ്: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

 

ഇന്ധനവില വർധനവിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മാർഗമായി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധനവിലയെ കാണുകയാണെന്ന് എൻ ഷംസുദ്ദീൻ നൽകിയ നോട്ടീസിൽ ആരോപിക്കുന്നു. എന്നാൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

പെട്രോൾ വിലയല്ല നികുതിയാണ് കൂട്ടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെയെന്നാണ് സംസ്ഥാന സർക്കാർ നയമെന്നും എൻ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഏഴ് തവണ അധിക വരുമാനം വേണ്ടെന്ന് വെച്ചു. ഈ മാതൃക പിണറായി സർക്കാർ സ്വീകരിക്കുന്നില്ല. കൊവിഡ് കാലത്തെങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു

എന്നാൽ വില വർധനവിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തിലില്ല. സംസ്ഥാനത്തെ വിമർശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ നോട്ടീസിലൊന്നും പറയുന്നില്ല. ഇന്ധ്യയിൽ കൂടുതൽ നികുതി കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്. ഇന്ധനവില വർധനവിനെതിരെ ഒന്നിച്ച് നിൽക്കാം. പക്ഷേ സഭ നിർത്തിവെച്ച് സഭ വേണ്ടെന്നും ധനമന്ത്രി പറഞ്ഞു

കേന്ദ്രം വില വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ സന്തോഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *