അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്‌കരിച്ചു ഇറങ്ങിപ്പോയി. കടൽക്ഷോഭത്തിൽ തകർന്ന തീരമേഖലക്ക് അടിയന്തര സഹായമെന്ന ആവശ്യപ്പെട്ടാണ് പ്രമേയത്തിന് പി സി വിഷ്ണുനാഥ് നോട്ടീസ് നൽകിയത്. തീരദേശം ദുരിതത്തിലാണെന്നും മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമായെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു
പരമ്പരാഗത മാർഗങ്ങളിലൂടെ തീരമേഖലയെ ഇനി സംരക്ഷിക്കാനാകില്ല. ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം. കടൽഭിത്തികൾ കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല പ്രശ്‌നം. കൊവിഡും കടൽക്ഷോഭവും ഒരുമിച്ച് വരുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ചെല്ലാനത്ത് പരാജയപ്പെട്ട ജിയോ ട്യൂബാണ് ശംഖുമുഖത്ത് നടപ്പാക്കുന്നത്. മൺസൂൺ കാലത്ത് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമായി കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കടലാക്രമണത്തിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിന്റെ കടൽത്തീരം പൂർണമായും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.