Thursday, January 23, 2025
National

ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തി’,10 വർഷംകൊണ്ട് രണ്ട് സംസ്ഥാനം ഭരിച്ചു: അരവിന്ദ് കെജ്രിവാൾ

ആംആദ്മി പാർട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തി. 10 വർഷംകൊണ്ട് ആംആദ്മി രണ്ട് സംസ്ഥാനം ഭരിച്ചുവെന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തത് ആംആദ്മിക്ക് തിരിച്ചടിയായി.

എന്നാൽ ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായി പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്രിവാൾ, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യ പ്രതികരണം നടത്തിയത്. എ എ പിക്കൊപ്പം നിന്ന ജനങ്ങൾക്ക് നന്ദി അറിയിച്ച കെജ്രിവാൾ അഹോരാത്രം പണിയെടുത്ത പ്രവർത്തകർക്കും അഭിവാദ്യം അർപ്പിച്ചു. ഒപ്പം തന്നെ ആപ്പ് നടത്തിയത് പോസിറ്റീവ് പ്രചാരണമാണെന്നും അതാണ് പാർട്ടിക്ക് ഗുണമായതെന്നും കെജ്രിവാൾ പ്രതികരിച്ചു.

കന്നി പോരിൽ അഞ്ച് സ്ഥാനാർഥികളാണ് വിജയിച്ചു കയറിയത്. ഇതിനൊപ്പം ഒട്ടേറെ മണ്ഡലങ്ങളിൽ കോൺഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനവും എ എ പി നേടിയിട്ടുണ്ട്. കോൺഗ്രസിനാണ് എ എ പിയുടെ മുന്നേറ്റം വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ആറിലൊന്ന് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് ആപ്പ് പിന്തള്ളി. സൗരാഷ്ട്ര മേഖലയിലാണ് ആപ്പ് കൂടുതൽ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന മേഖലയാണിത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകുന്നേരം ആറു മണിക്ക് ബി.ജെ.പി ആസ്ഥാനത്താണ് പരിപാടി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 30ൽ അധികം റാലികൾ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *