തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് എട്ടു വർഷങ്ങൾ പിന്നിടുമ്പോഴും പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇക്കുറിയും ബിജെപിയുടെ തുറുപ്പു ചീട്ട്. നരേന്ദ്ര മോദി കൽപവൃക്ഷമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഗുജറാത്തിലെ കലാപങ്ങൾ ഇല്ലാതാക്കിയത് മോദിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും പറഞ്ഞു.
27 വർഷത്തെ തുടർച്ചയായ ഭരണവും, വിമത സ്ഥാനാർത്ഥികളും ബിജെപിക്ക് ഗുജറാത്തിൽ ഇക്കുറി ബാധ്യതയാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറുപ്പ് ചീട്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി ബുപേന്ദ്ര പാട്ടീലിനും, സ്ഥാനാർഥിക്കും മുകളിലായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് വോട്ട് തേടുന്നത്. 182 മണ്ഡലങ്ങളിൽ മത്സരിക്കുന്നത് മോദിയാണെന്ന പ്രതീതി. സംസ്ഥാന നേതാക്കളും, പ്രചരണത്തിനെത്തുന്ന കേന്ദ്ര നേതാക്കളും പ്രധാനമന്ത്രിയെ മുൻ നിർത്തിയാണ് പ്രചാരണം.
ഇന്ന് ഗുജറാത്തിൽ കലാപങ്ങൾ ഇല്ലാത്തതിന്റെ കാരണം മോദിയാണെന്നും, ഗുജറാത്ത് ജയിച്ചാൽ ഇന്ത്യ ജയിക്കുമെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. കൽപവൃക്ഷാമാണ് മോദിയെന്നും ഗുജറാത്തിന് വേണ്ടത് എല്ലാം അദ്ദേഹം നൽകുമെന്നുമാണ് മധ്യപ്രദേശ് മുഖ്യാ ശിവരാജ് സിങ് ചൗഹാന്റെ വാക്കുകൾ.
പ്രചരത്തിനായി ഇന്ന് പ്രധാനമന്ത്രി മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്ത് എത്തും. മൂന്ന് ദിവസത്തിനിടെ പ്രധാനമന്ത്രി 8 റാലികളാണ് സംസ്ഥാനത്ത് നടത്തുക.
കോൺഗ്രസ് വോട്ടുകളാണ് ആംആദ്മി പാർട്ടി ചോർത്തുകയെന്ന് ബിജെപി നേതാക്കൾ പറയുമ്പോഴും, ബിജെപിയെ കാലങ്ങളായി പിന്തുണച്ചിരുന്ന ദളിത് വോട്ടർമാരിൽ വലിയ സ്വാധീനമുണ്ടാക്കാൻ ഇത്തവണ ആംആദ്മി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ തിരിച്ചറിവിൽ കൂടിയാണ് പ്രധാനമന്ത്രിയെ മുൻ നിർത്തിയുള്ള ബിജെപിയുടെ പ്രചരണം.