Saturday, January 4, 2025
National

‘ഹിമാചലിലേത് ചെറിയ തോൽവി’; യുവജനങ്ങളുടെ പിന്തുണ ബിജെപിക്ക്; നരേന്ദ്രമോദി

തെരെഞ്ഞെടുപ്പ് ജയം ആഘോഷമാക്കി ബിജെപി. ഹിമാചലിലേത് ചെറിയ തോൽവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ അമിത് ഷാ, ജെ പി നദ്ദ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

പ്രവർത്തക പിന്തുണയില്ലാതെ വിജയം സാധ്യമാകില്ല, പ്രവർത്തകരുടേത് കഠിന പ്രയത്നമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിമാചലിലെ ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി. ഹിമാചലിലേത് ചെറിയ തോൽവിയാണ്. പരാജയം പരിശോധിക്കും.

യുവജനങ്ങളുടെ പിന്തുണ ബിജെപിക്കാണ്. ബിജെപിയുടെ താത്പര്യം ദേശത്തിന് വേണ്ടി പ്രവർത്തിക്കാനാണ്. വിശ്വസിച്ചവരുടെ പ്രതീക്ഷ ബിജെപി നടപ്പാക്കും.ബിജെപിയെ പിന്തുണച്ച ഗുജറാത്തിലെയും ഹിമാചലിലെയും എല്ലാ ജനങ്ങൾക്കും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

നന്ദി ഗുജറാത്ത്.. വോട്ടെടുപ്പ് ഫലം കണ്ട് മനസ് നിറഞ്ഞു. വികസനത്തിന്റെ രാഷ്‌ട്രീയത്തെയാണ് ഗുജറാത്തിലെ ജനങ്ങൾ പിന്തുണച്ചത്. ഇനിയും ഇത് തുടരണമെന്നതാണ് അവരുടെ ആവശ്യവും ആഗ്രഹവുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാണ്. ഗുജറാത്തിലെ ജനങ്ങളുടെ തീരുമാനത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

”ബിജെപിക്ക് വേണ്ടി അദ്ധ്വാനിച്ച ഓരോ കാര്യകർത്താക്കളോടും പറയാനുള്ളത് ഇതാണ്. നിങ്ങളോരോരുത്തരും ചാമ്പ്യൻമാരാണ്. നിങ്ങളുടെ കഠിനാദ്ധ്വാനമില്ലാതെ ഒരിക്കലും ഈ ചരിത്രവിജയം നേടാൻ ബിജെപിക്ക് കഴിയുമായിരുന്നില്ല.നമ്മുടെ പാർട്ടിയുടെ യഥാർത്ഥ ശക്തി നിങ്ങളാണ്” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ചരിത്രം തിരുത്തിക്കുറിച്ച ജയവുമായാണ് ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിൽ എത്തുന്നത്. ആകെയുള്ള 182 ൽ 158 സീറ്റുകളും പിടിച്ചാണ് അധികാരത്തുടർച്ച. വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്.

ചരിത്ര വിജയം നേടിയ ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *