Thursday, October 17, 2024
National

ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വേട്ടെടുപ്പ് ഇന്ന്. രാവിലെ എട്ടുമണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുന്നത്.

27 വർഷങ്ങളായി ബി.ജെ.പിയും കോൺഗ്രസും നേരിട്ടുള്ള മത്സരം മാത്രം നടന്ന ഗുജറാത്തിൽ ഇത്തവണ ത്രികോണ മത്സരത്തിന് വഴിയൊരുക്കിയ ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കൾ ജനവിധി തേടുന്ന ഘട്ടം കൂടിയാണിത്. 182 അംഗ നിയമസഭയിലെ അവശേഷിക്കുന്ന 93 മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

89 മണ്ഡലങ്ങളിലും കോൺഗ്രസും ബി.ജെ.പിയും സ്ഥാനാർഥികളെ നിർത്തിയ ആദ്യഘട്ടത്തിൽ രണ്ട് സ്ഥാനാർഥികൾ മത്സര രംഗത്ത് നിന്ന് പിന്മാറി ബി.ജെ.പിയിൽ ചേർന്നതിനാൽ ആം ആദ്മി യിൽ 87 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) 57ഉം ഭാരതീയ ട്രൈബൽ പാർട്ടി(ബി.ടി.പി) 14 ഉം സമാജ്‍വാദി പാർട്ടി 12 ഉം സി.പി.എം നാലും സി.പി.ഐ രണ്ടും സ്ഥാനാർഥികളെ നിർത്തിയ ഒന്നാം ഘട്ടത്തിൽ ഉവൈസിയുടെ അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനും സാന്നിധ്യമറിയിക്കാൻ മത്സരരംഗത്തുണ്ട്.

ആം ആദ്മി പാർട്ടിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ് വി, സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, ആപ്പിൽ ചേർന്ന പാട്ടീദാർ ആന്ദോളൻ സമിതി (പാസ്) നേതാക്കളായ അൽപേഷ് കഥിരിയ, രാം ധമുക്, ധാർമിക് മാളവ്യ എന്നിവരെല്ലാം ഒന്നാം ഘട്ടത്തിൽ മാറ്റുരക്കും.

ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം കോൺഗ്രിനായി മുൻ പ്രതിപക്ഷ നേതാക്കളായ അർജുൻ മോദ്‍വാദിയ, പരേഷ് ധാനാനി എന്നിവരും ഇന്ന് ജനവിധി തേടും.

Leave a Reply

Your email address will not be published.