പ്രിയ വർഗീസിനെതിരായ വിധിയിൽ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല; അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്
പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന കേരള ഹൈക്കോടതി വിധിയിൽ കണ്ണൂര്‍ സര്‍വകലാശാല അപ്പീൽ നൽകില്ല. വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരും. തുടർ നടപടിയെ കുറിച്ച് ആലോചിക്കാനാണ് യോഗം.വിഷയം സംബന്ധിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന വിധി വന്നത്. കോടതി വിധി മാനിക്കുന്നുവെന്നും ഈ വിഷയത്തിൽ ഇടപെടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയാണ് തുടര്‍ നടപടികൾ സ്വീകരിക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചിരുന്നു.
പ്രിയാ വർഗീസിന്റെ യോഗ്യത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. പ്രിയാ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്നും പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സെലക്ഷൻ കമ്മിറ്റിക്കും സ്‌ക്രൂട്ടിണി കമ്മിറ്റിക്കും തെറ്റ് പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് കോടതി ഓർമിപ്പിച്ചു.
അതേസമയം പ്രിയ വര്‍ഗീസിൻ്റെ നിയമനത്തിൻ്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്.