ലോകകപ്പ് ഫുട്‌ബോളിന്റെ വരവോടെ മുട്ട വിലയിൽ വർധന
ലോകകപ്പ് ഫുട്‌ബോളിന്റെ വരവോടെ മുട്ട വിലയിൽ വർധന. കോഴി മുട്ടയ്ക്ക് വടക്കൻ ജില്ലകളിൽ 1 രൂപയിലേറെയും താറാവ് മുട്ടയ്ക്ക് 1 രൂപയുമാണ് ഒരു മാസത്തിനിടെ വർധിച്ചത്.
ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്നും മുട്ടയ്ക്ക് വൻതോതിൽ ഓർഡർ ലഭിച്ചതോടെയാണ് വില ഉയർന്നത്. ഒക്ടോബർ ആദ്യം മൊത്ത വിപണിയിൽ 4 രൂപ 55 പൈസയായിരുന്നു ഒരു കോടി മുട്ടയുടെ വില.ഇപ്പോൾ ഇത് 5 രൂപ 70 പൈസയായി.ചില്ലറ വിൽപ്പന ശാലയിൽ 6 രൂപ 50 പൈസ വരെ ഈടാക്കുന്നുണ്ട്. താറാവ് മുട്ട ഒന്നിന് 8 രൂപയിൽ നിന്ന് 9 രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപയ്ക്ക് മുകളിൽ താറാവ് മുട്ടയ്ക്ക് വിലയുണ്ട്.
ഗൾഫിൽ നിന്ന് തമിഴ്‌നാട്ടിലെ വ്യാപാരികൾക്ക് 5 കോടി കോഴിമുട്ടയാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തേക്ക് കോഴിമുട്ട എത്തുന്നത് തമിഴ്‌നാട്ടിലെ നാമയ്ക്കലിൽ നിന്നാണ്. പ്രതിദിനം മൂന്നര കോടിയോളം മുട്ടയാണ് നാമയ്ക്കലിൽ ഉൽപ്പാദിപ്പിക്കുന്നത്. ക്രിസ്മസ് കാലം കൂടി എത്തുന്നതോടെ മുട്ട വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
നേരത്തെ, മുട്ട വിലയിൽ ഇടിവുണ്ടായതിനെ തുടർന്ന് മീഡിയം ലെവൽ ഉൽപ്പാദകർ ഫാമുകൾ അടച്ചിരുന്നു.വൻകിട ഫാമുകൾ മാത്രമാണ് ഇപ്പോഴുള്ളത്. പൊടുന്നനെ ഡിമാന്റ് കൂടി യെങ്കിലും ഉൽപ്പാദനത്തിൽ അതനുസരിച്ച് വർദ്ധനവ് ഉണ്ടാക്കാൻ സാധിക്കാത്തതും വില ഉയരാൻ ഇടയാക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. കുട്ടനാട്ടിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതും താറാവ് മുട്ടയുടെ ലഭ്യത കുറവിന് കാരണമായിട്ടുണ്ട്.