മലപ്പുറത്ത് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു
മലപ്പുറം : മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിൽസയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.
അതേസമയം കൊടുമണ്ണിൽ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന പലവിളയിൽ ജോസ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് മദ്യപിച്ചെത്തിയ ജോസ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഇയാളെ തടയുന്നതിനിടയിൽ ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു. ഓമന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോസ് മദ്യപിച്ചെത്തി ബഹളം വെക്കുന്നത് പതിവാണെന്നാണ് സമീപവാസികൾ പൊലീസിന് നൽകിയ മൊഴി.