മലപ്പുറത്ത് ഭാര്യക്ക് നേരെ ആസിഡ് ആക്രമണം
മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. വണ്ടൂർ സ്വദേശി ഷാനവാസാണ് ഭാര്യയെ ആക്രമിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഭാര്യ ഫഷാന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആക്രമണമുണ്ടായത്. ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വണ്ടൂർ കൂരാട് സ്വദേശിയായ ഷാനവാസ് രാവിലെ പാണ്ടിക്കാട് ചമ്പ്രശ്ശേരിയിലുള്ള ഭാര്യാവീട്ടിലെത്തി ഓടുപൊളിച്ച് വീട്ടിൽ അതിക്രമിച്ച് കയറുകയും ആസിഡ് ഭാര്യയുടെ തലയ്ക്ക് മുകളിലൂടെ ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ ഇയാൾക്കും പൊള്ളലേറ്റു. ഒരു വർഷമായി ദമ്പതികൾ പിരിഞ്ഞുതാമസിക്കുകയാണ്. വീട്ടിലേക്ക് തിരികെവരണമെന്ന ആവശ്യവുമായായിരുന്നു ആക്രമണം. അടുത്തുണ്ടായിരുന്ന രണ്ട് കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ ഇടപെട്ട് പിടിച്ചുമാറ്റി.
ഒരു വർഷം മുൻപ് ഇയാൾ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ട്. ആ സമയത്ത് അമ്മാവനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ്.