ഹിമാചലിൽ ജനം വിധിയെഴുതുന്നു; അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% പോളിംഗ്
ഹിമാചലിൽ ജനം വിധിയെഴുതുന്നു. അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% ആണ് പോളിംഗ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു.
എട്ടു മണിക്ക് ആരംഭിച്ച പോളിംഗ് മെച്ചപ്പെടുകയാണ്. സിർമൗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയത്. സ്പിതി ജില്ലയിലാണ് ഏറ്റവും കുറവ്. മുഖ്യമന്ത്രി ജയ്റാം താക്കൂർ സ്വന്തം മണ്ഡലമായ സീറാജിലെ കുറാനി ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.
45 ലധികം സീറ്റ് നേടി തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂർ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ വിജയ്പ്പൂരിലും, കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ സാമിർപുരിലും കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. ഭരണ വിരുദ്ധവികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഷിംലയിലെ രാംപൂരിൽ മകൻ വിക്രമാദിത്യ സിങ്ങിനൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം പിസിസി അധ്യക്ഷ പ്രതിഭാസിംഗ് പറഞ്ഞു. 56 ലക്ഷം പേർ വിധിയെഴുതുന്ന സംസ്ഥാനത്ത്, വൈകിട്ട് 5:30 വരെയാണ് വോട്ടെടുപ്പ്.