‘നാവികരെ എത്രയും വേഗം മോചിപ്പിക്കും’; എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്ന് വി മുരളീധരൻ
ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ എത്രയും വേഗം മോചിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നാവികരുമായി രണ്ട് തവണ എംബസി കൂടിക്കാഴ്ച നടത്തി. അവിടെ സുരക്ഷിതത്വത്തിനു കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവരെ മുറിയിൽ അടച്ചിട്ടതിനെപ്പറ്റി അറിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“നാവികർക്കെതിരെ നൈജീരിയയിലും ഇക്വിറ്റോറിയൽ ഗിനിയയിലും കേസുണ്ട്. ഇക്വിറ്റോറിയൽ ഗിനിയയിലെ കേസിലാണ് പിഴയടച്ചത്. അവരെ എത്രയും വേഗം മോചിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കാരനായ ഒരാൾക്കും അപകടം വരാതിരിക്കാനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ട് എന്നാണ് ലോകം മുഴുവനുള്ള ഇന്ത്യക്കാരുടെ വിശ്വാസം. ആ വിശ്വാസം അവർക്കുമുണ്ടാവണം. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ അവർക്ക് സുരക്ഷിതത്വത്തിനു കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെയുള്ള നാവികരുമായി നമ്മുടെ എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. അതിനർത്ഥം അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കാൻ ഈ രണ്ട് രാജ്യങ്ങളും തയാറാണെന്നാണ്. അവർ വിഡിയോയിൽ പറയുന്നതിനെപ്പറ്റി ഒന്നും പറയാനില്ല. മുറിയിൽ അടച്ചിട്ടതിനെപ്പറ്റി അറിയില്ല”- വി മുരളീധരൻ പറഞ്ഞു