Wednesday, April 16, 2025
Kerala

കോട്ടയത്തിന് പിന്നാലെ ഇടുക്കിയിലും ആഫ്രിക്കന്‍ പന്നിപ്പനി; രോഗം ബാധിച്ച പന്നികളെ ദയാവധത്തിന് വിധേയമാക്കും

ഇടുക്കിയിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇടുക്കി തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഫാമിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയില്‍ പന്നിമാംസ കശാപ്പും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

രോഗം ബാധിച്ച പന്നികളെ ദയാവധത്തിന് വിധേയമാക്കും. കൊല്ലുന്ന പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായി പാലക്കാടും തൃശൂരും വയനാട്ടിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ മാസം കോട്ടയത്തും രോഗം കണ്ടെത്തിയതോടെ ജില്ലയിലെ 181 പന്നികളെയാണ് കൊന്നൊടുക്കിയത്.

ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. ജില്ലാ കളക്ടര്‍ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരമാണ് ഫാമുകളിലെ പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ ലാബിലേക്ക് അയച്ചത്. പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *