Thursday, January 23, 2025
Kerala

ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല’, സ്വബോധമുള്ള ഏതെങ്കിലും മന്ത്രി അങ്ങനെ ചെയ്യുമോയെന്ന് തോമസ് ഐസക്ക്

കോഴിക്കോട്: സ്വപ്‍ന സുരേഷിന്‍റെ ആരോപണങ്ങളെ തള്ളി മുന്‍ മന്ത്രി തോമസ് ഐസക്ക്. 
താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്‍റെ പേര് വെച്ചത് ബോധപൂര്‍വ്വമാണ്. ആരോപണത്തിന് എതിരെ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ്. സ്വപ്‍ന ബിജെപിയുടെ ദത്തുപുത്രിയെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് എതിരെയാണ് സ്വപ്‍ന സുരേഷ്  ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് തോമസ് ഐസക്ക് പറയുകയും ചെയ്തു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നുമായിരുന്നു സ്വപ്ന വെളിപ്പെടുത്തിയത്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

‘ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗികചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പല സ്ത്രീകളും  ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക്ക്മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *