സിദ്ധു മുസേവാല കൊലപാതകം; പ്രധാനപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
അന്തരിച്ച പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മുസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഷാർപ്പ് ഷൂട്ടറായിരുന്ന ദീപക് ടിനുവാണ് രക്ഷപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാൻസ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. മറ്റൊരു കേസിൽ കപൂർത്തല ജയിലിൽ നിന്ന് പൊലീസ് സംഘം ഇയാളെ റിമാൻഡിൽ കൊണ്ടുവരികയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ പൊലീസ് സംഘത്തെ വെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ടിനുവിനെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിക്കുന്നു.
പഞ്ചാബി ഗായകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ടിനു. അതേസമയം വധക്കേസിൽ ഒളിവിലായിരുന്ന മൂന്ന് ഷാർപ്പ് ഷൂട്ടർമാരെ പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു. സ്‌പെഷ്യൽ സെല്ലും ഡൽഹി പൊലീസും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലാണ് സിദ്ധു മുസേവാല വെടിയേറ്റ് മരിച്ചത്. സുഹൃത്തിനും ബന്ധുവിനുമൊപ്പം ജീപ്പിൽ മാൻസയിലെ ജവഹർ കെ ഗ്രാമത്തിലേക്ക് പോകവെയാണ് ഇയാൾ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൊലക്കേസിൽ ടിനു ഉൾപ്പെടെ 24 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.