സിദ്ധു മുസേവാല വധം: പഞ്ചാബിൽ ഗുണ്ടാസംഘവുമായി പൊലീസ് ഏറ്റുമുട്ടൽ
പഞ്ചാബിൽ സിദ്ധു മുസേവാലയുടെ കൊലയാളികളെന്ന് സംശയിക്കുന്നവരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. അമൃത്‌സർ ജില്ലയിലെ പാക്ക് അതിർത്തിയിലുള്ള ചിച്ചാ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഗുണ്ടാസംഘങ്ങൾ സമീപത്തെ ഒരു പഴയ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സമീപവാസികളോട് വീടിനുള്ളിൽ തുടരാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് പേരിൽ ഒരാളെ പൊലീസ് കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. ചിച്ചാ ഭക്‌ന ഗ്രാമത്തിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് പാക്ക് അതിർത്തി. സംഘം പാക്കിസ്താനിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പൊലീസ് പൂർണമായും വളഞ്ഞിരിക്കുകയാണ്. ചുറ്റുമുള്ള പ്രദേശങ്ങളിൽ സ്‌നൈപ്പർമാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
വൻ പൊലീസ് സേനയെ വിന്യസിക്കുകയും ഓരോ ഘട്ടത്തിലും നിരീക്ഷണം നടത്തുകയും ചെയ്യുന്നു. മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ഗുണ്ടാസംഘത്തിന്റെ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി അമൃത്സറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.