കണ്ണിനെ പൊന്നുപോലെ നോക്കണം; കണ്ണിനെ ബാധിക്കുന്ന വിവിധതരം വേദനകളും കാരണങ്ങളും
കണ്ണിന് വേദന ഉണ്ടാകുമ്പോൾ മാത്രമാണ് കണ്ണിനുവേണ്ട സംരക്ഷണത്തെ കുറിച്ച് നമ്മൾ ആലോചിക്കുന്നത്. പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് കണ്ണിനുണ്ടാകുന്ന വേദന. കൊവിഡ് കാലത്ത് കംപ്യൂട്ടറുകളും സ്മാർട്ട് ഫോണും ടി വിയുമെല്ലാം അമിതമായി ഉപയോഗിക്കുന്നതിനാൽ എന്തുകൊണ്ടാണ് വേദന എന്നതിൽ ആശങ്കയും ഉണ്ടാകും. കണ്ണിനു പുറമെയും അകത്തുമെല്ലാമായി അനുഭവപ്പെടുന്നതാണ് കണ്ണുവേദന. ചിലപ്പോൾ ഒരുകണ്ണിനു മാത്രമായിരിക്കും അസ്വസ്ഥത. ചിലപ്പോൾ രണ്ടു കണ്ണുകളെയും ബാധിക്കാം. ഈ വേദന കണ്ണിനുണ്ടാക്കുന്ന അസ്വസ്ഥതയുടെ കാരണവും വിവിധ തരത്തിലുള്ള വേദനയും ഏതൊക്കെയാണ് എന്ന് നോക്കാം.
പൊതുവെ കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകൾ ഇവയൊക്കെയാണ്; കത്തുന്ന വേദന, മങ്ങിയ വേദന, കുത്തുന്നതുപോലെയുള്ള വേദന, കണ്ണിനുള്ളിൽ എന്തോ ഉള്ളതായി അനുഭവപ്പെടുന്നു, കണ്ണ് വേദനയ്‌ക്കൊപ്പം മങ്ങിയ കാഴ്ച, ചുവപ്പ്, പ്രകാശത്തോടുള്ള സംവേദനക്ഷമത.
മിക്കപ്പോഴും, കണ്ണിൽ എന്തോ ഉണ്ടെന്ന് തോന്നുന്ന വേദന യഥാർത്ഥത്തിൽ ഉണ്ടാകുന്നത് കണ്ണിന്റെ വീക്കം മൂലമാണ്. പ്രത്യേകിച്ച് കോർണിയയിൽ. കണ്ണിന്റെ മുകളിൽ നിന്നോ കണ്ണിനുള്ളിൽ നിന്നോ ഉണ്ടാകുന്ന വേദനയുടെ കാരണങ്ങൾ ഇവയാണ്: എന്തെങ്കിലും വസ്തുക്കൾ കണ്ണിൽ പോകുന്നത്. അതായത് മണൽ, കുഞ്ഞു കല്ലുകൾ, എന്തെങ്കിലും കണികകൾ എന്തുമാകാം. അതുകൊണ്ടാണ് കണ്ണ് ചിമ്മുമ്പോൾ വേദന തോന്നുന്നത്. മങ്ങിയ കാഴ്ചയും പ്രകാശത്തോടുള്ള സംവേദനക്ഷമതയും ഇതിൽ സാധാരണമാണ്.
വരണ്ട കണ്ണുകളാണ് കണ്ണിന്റെ അസ്വസ്ഥതയുടെ മറ്റൊരു സാധാരണ കാരണം. സാധാരണയായി വരണ്ട കണ്ണിന്റെ അസ്വസ്ഥത പതിയെ വേദനയായി ആരംഭിക്കും. ഈ സമയത്ത് കണ്ണിൽ ആവശ്യമുള്ള കണ്ണുനീർ ഉണ്ടാകാറില്ല എന്നതാണ് ഈ വേദനയ്ക്ക് കാരണം.
മൈഗ്രെയ്ൻ, തലവേദന, സൈനസ് അണുബാധ എന്നിവയാണ് കണ്ണുകൾക്ക് പിന്നിലെ വേദനയുടെ കാരണങ്ങൾ. മൈഗ്രെയ്ൻ വരുമ്പോൾ വേദന എപ്പോഴും ഒരു കണ്ണിന് പിന്നിലാണ് അനുഭവപ്പെടുക. സൈനസ് അണുബാധയിൽ കണ്ണിന് പിന്നിലെ വേദന സാധാരണയായി മൈഗ്രെയ്നിൽ നിന്നുള്ള വേദനയേക്കാൾ കുറവാണ്, മാത്രമല്ല രണ്ട് കണ്ണുകളെയും ഇത് ബാധിച്ചേക്കാം.
കണ്ണിനു ചുറ്റുമുള്ള ഏറ്റവും സാധാരണമായ വേദന കൺപോളയ്ക്കുള്ളിലെ വീക്കം കാരണം ആണ്. ഒരു കൺപോളയിൽ തീവ്രമല്ലാത്ത വേദനയാണ് ലക്ഷണം. മറ്റു വേദനകൾക്ക് ഡോക്ടറുടെ സഹായം ആവശ്യമാണെങ്കിലും സാധാരണയായി കുറച്ച് ദിവസത്തേക്ക് കണ്ണിനു തണുപ്പ് പകർന്നാൽ കൺപോളയിലെ വീക്കം സ്വയം മാറാറുണ്ട്.