കാർ കുടുങ്ങിയതിനാൽ സഹായത്തിനു വിളിച്ചു; യുവാവിനെ വെടിവച്ചുകൊന്ന് പൊലീസ്
അമേരിക്കയിൽ വീണ്ടും പൊലീസ് അതിക്രമം. കാർ കുടുങ്ങി സഹായത്തിനു വിളിച്ച യുവാവിനെ കൊളറാഡോയിൽ പൊലീസ് വെടിവച്ച് കൊന്നു. 22കാരനായ ക്രിസ്റ്റ്യൻ ഗ്ലാസ് എന്ന യുവാവിനെയാണ് പൊലീസ് വെടിവച്ച് കൊന്നത്. ഇക്കൊല്ലം ജൂൺ ഒന്നിനാണ് സംഭവം നടന്നത്. ഇത് കൊലപാതകമാണെന്ന് യുവാവിൻ്റെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ആരോപിക്കുകയായിരുന്നു.
ചളി നിറഞ്ഞ റോഡിൽ തൻ്റെ എസ്യുവി കുടുങ്ങിയതോടെയാണ് യുവാവ് 911ൽ വിളിക്കുന്നത്. സഹായം ആവശ്യപ്പെട്ടപ്പോൾ ക്ലിയർ ക്രീക്ക് കൗണ്ടി ഷെരിഫിലെ ഓഫീസർമാർ എത്തി. എന്നാൽ, യുവാവിനെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ ഒടുവിൽ ഇയാളെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്ന് മാറാതെ, ഒരു തരത്തിലുള്ള പ്രകോപനവും സൃഷ്ടിക്കാതെയിരുന്ന യുവാവിനെയാണ് പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ഫുട്ടേജുകളിൽ നിന്ന് ഇത് വ്യക്തമാണ്.
തുടക്കം മുതൽ യുവാവിനെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് ബോഡി ക്യാമറ ഫുട്ടേജുകൾ നിരീക്ഷിച്ച് അഭിഭാഷകർ പറയുന്നു. തോക്കെടുക്കുയോ കാറിൻ്റെ സൈഡ് ഗ്ലാസ് തകർക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നും യുവാവിനായി ഹാജരായ അഭിഭാഷകർ പറഞ്ഞു. 911ൽ സഹായത്തിനായി വിളിച്ചപ്പോൾ താൻ വളരെ ഭയന്നിരിക്കുകയാണെന്ന് യുവാവ് പറഞ്ഞിരുന്നു. ജിയോളജിസ്റ്റ് ആയതിനാൽ വാഹനത്തിൽ രണ്ട് കത്തിയും ഒരു ചുറ്റികയുമുണ്ടെന്നും അത് അപകരമല്ലെന്നും യുവാവ് പറഞ്ഞു.
ഒരു മണിക്കൂറും 10 മിനിട്ടുമാണ് പൊലീസുകാർ യുവാവിനെ ഭീഷണിപ്പെടുത്തിയത്. കാറിൽ നിന്ന് പുറത്തിറങ്ങാൻ പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും താൻ ഭയന്നിരിക്കുകയാണെന്നും കാറിൽ നിന്ന് ഇറങ്ങില്ലെന്നും യുവാവ് പറയുന്നു. തുടർന്ന് പൊലീസുകാർ കാറിൻ്റെ ചില്ല് തകർത്തു. താൻ നിരായുധനാണെന്ന് അറിയിക്കാനായി കാറിനുള്ളിൽ യുവാവ് തൻ്റെ ഇരു കൈകളും ഉയർത്തിയാണ് ഇരുന്നത്. തുടർന്ന് അഞ്ച് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പൊലീസുകാർ സ്ഥലത്തെത്തി. യുവാവ് അക്രമകാരിയല്ലെങ്കിൽ കാറിൽ നിന്ന് പുറത്തിറക്കേണ്ട ആവശ്യമില്ലെന്ന് കൊളറാഡോ സ്റ്റേറ്റ് പട്രോൾ അറിയിച്ചെങ്കിലും പൊലീസുകാർ വഴങ്ങിയില്ല. തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് തവണ യുവാവിനു നേർക്ക് നിറയൊഴിച്ചു. ശേഷം യുവാവിൻ്റെ ശരീരം കാറിൽ നിന്ന് വലിച്ചുതാഴെയിട്ടു. പൊലീസുകാരിൽ ഒരാളെ കുത്താൻ ശ്രമിച്ചപ്പോൾ വെടിയുതിർത്തു എന്നാണ് പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്. എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് ബോഡി ക്യാമറ ഫുട്ടേജുകൾ തെളിയിക്കുന്നു.