കിഫ്ബിയെ തകർത്ത് വികസനം തടയാൻ നീക്കം, എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി
കൊല്ലം: ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു. എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണ്. തുടര്‍ഭരണം ലഭിച്ചശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ സിപിഐ എമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനം അത് തിരിച്ചറിഞ്ഞു. ഇടത് മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെടേണ്ടിവന്ന ഒരു പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിന്റെ നിലപാടുകള്‍ നടപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉണ്ട്. അവരുടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. കേരളത്തിലെ വികസനം തടയാനാണ് ഇഡി ലക്ഷ്യമിടുന്നത്. കിഫ്‌ബിയെ ലക്ഷ്യമിടുന്നത് അതിനുവേണ്ടിയാണ്. കേരളത്തിലെ വികസനം തടയാന്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാന്‍ പാടില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. കിഫ്ബി കൊണ്ടുവന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം എന്നുപോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോള്‍ അതിനെ യുഡിഎഫ് എതിര്‍ത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിജെപിക്കൊപ്പം കോണ്‍ഗ്രസും അതില്‍ പങ്കുചേരുകയാണ്. കേരളത്തില്‍ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാന്‍ കിഫ്ബിയെ തകര്‍ക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.