Saturday, January 4, 2025
Kerala

കുപ്രചാരണങ്ങൾ കൊണ്ട് എൽ ഡി എഫിനെ തകർക്കാനാകില്ലെന്ന് മുഖ്യമന്ത്രി; വികസന മുന്നേറ്റ യാത്രക്ക് തുടക്കം

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന എൽ ഡി എഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം. കാസർകോട് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് മുഖ്യമന്ത്രി യാത്ര ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു

കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു. എല്ലാ അഗ്നിപരീക്ഷകളെയും സർക്കാരും ഇടതുജനാധിപത്യ മുന്നണിയും അതിജീവിച്ചു. 2016 യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ഈ നാശം ഒഴിഞ്ഞ് കിട്ടിയാൽ മതിയെന്നായിരുന്നു. എൽ ഡി എഫ് ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു. വിലയ ദുരന്തങ്ങളെ ഒരുമയോടെ നേരിടാനായി

അടിവേര് ഇളകുന്നുവെന്ന് പ്രതിപക്ഷം മനസ്സിലാക്കി. അതുകൊണ്ടാണ് യുഡിഎഫിനെ പോലെ കെട്ടവരാണ് എൽ ഡി എഫ് എന്ന് വരുത്തി തീർക്കാൻ അവർ ശ്രമിച്ചത്. സർക്കാരിനെ താഴെയിറക്കുമെന്ന് ശപഥം ചെയ്ത മാധ്യമശക്തികളും അതിനായി രംഗത്തുവന്നു. എന്നാൽ എല്ലാത്തിനെയും പ്രതിരോധിക്കാൻ ജനങ്ങളുടെ കോട്ട രൂപപ്പെട്ടു

കുപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലിൽ എൽ ഡി എഫിനെ തകർക്കാനാകില്ല. വികസന മുന്നേറ്റം കാസർകോട് നിന്നാണ് ആരംഭിക്കുന്നത്. വികസനം നടപ്പാകുന്നത് കാസർകോട്ടെ ജനങ്ങൾക്ക് അനുഭവിച്ചറിയാനാകും. ഗെയിൽ പദ്ധതി ഉപേക്ഷിച്ചതായിരുന്നു. നടക്കില്ലെന്ന് കരുതിയത് ആണത്. എന്നാൽ അതാണിപ്പോൾ യാഥാർഥ്യമായത്.

ഇന്റർനെറ്റ് അവകാശമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കെ ഫോൺ പദ്ധതി ഉടൻ ഉദ്ഘാടനം ചെയ്യും. മലയോര ഹൈവേയുടെ നിർമാണവും അതിവേഗം മുന്നോട്ടുപോകുകയാണ്. കൊവിഡ് മഹാമാരി വന്നപ്പോൾ സർക്കാർ ശ്രദ്ധിച്ചത് റേഷൻ വിതരണം കൃത്യമായി നടത്താനാണ്. ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷത്തി അൻപത്തിയൊന്നായിരം വീടുകൾ പൂർത്തിയായി.

കൊവിഡിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോഴും കേരളം പതറാതെ നേരിട്ടു. പി എസ് സി നിയമനങ്ങൾ യുഡിഎഫ് കാലത്തേക്കാൾ കൂടുതൽ നടന്നു. കൊവിഡ് വാക്‌സിനേഷൻ കഴിഞ്ഞാൽ സിഎഎ നടപ്പാക്കുമെന്ന് ബിജെപി പറയുന്നു. കേരളത്തിൽ സിഎഎ നടപ്പാക്കില്ല. ആ നിലപാടിൽ നിന്ന് സർക്കാർ ഒരു ഘട്ടത്തിലും പിന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *