വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി
നാടിനെതിരായ ശക്തികൾക്കേ വികസന പദ്ധതികൾക്കെതിരെ നിൽക്കാനാകൂ. കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നു. എൽഡിഎഫ് കാലത്ത് വികസനം വേണ്ടെന്നാണ് അവർ പറയുന്നത്. ഞങ്ങൾക്ക് അനാവശ്യ ദുർവാശിയില്ല. പക്ഷേ സർക്കാരെന്തിന് നിക്ഷിപ്ത താത്പര്യക്കാർക്ക് വഴിപ്പെടണം. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കലിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളു. വിരട്ടൽ ഇങ്ങോട്ട് വേണ്ട. ഇവരെല്ലാം ചെറിയ കൂട്ടരാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു
വർഗീയതയോട് എന്നും ഒത്തുപോകുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി ഞാൻ ഹിന്ദുവാണെന്ന് റാലിയിൽ പറയുന്നു. ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറയുന്നു. കോൺഗ്രസിന്റെ നയം രാജ്യം തിരിച്ചറിഞ്ഞു. ബിജെപിക്ക് ആളുകളെ സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.