കോഴിക്കോട് മലിനജല പ്ലാന്റ്: എംഎൽഎ പങ്കെടുത്ത ചർച്ചയ്ക്കിടെ സംഘർഷം
കോഴിക്കോട് ആവിക്കൽ തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ച യോഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു. ശക്തമായ പ്രതിഷേധമുണ്ടായതോടെ എം.എൽ.എ സ്ഥലത്ത് നിന്നും മടങ്ങി.
ബന്ധപ്പെട്ട വാർഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാർഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം ചർച്ച ചെയ്തെന്നാണ് ഇവർ ആരോപിക്കുന്നത്. എതിർപ്പുകൾ മറികടന്ന് ചോദ്യം ചോദിച്ചവരെ യോഗത്തിൽ നിന്നു പുറത്താക്കിയെന്നും ആരോപണമുണ്ട്. തങ്ങൾ ചോദ്യങ്ങൾ എഴുതിക്കൊണ്ടുവന്നതാണെന്നും, എന്നാൽ ഒരു ചോദ്യം പോലും ചോദിക്കാൻ അനുവദിച്ചില്ലെന്നും പ്രദേശവാസികൾ പറയുന്നു.
സമരക്കാർ യോഗം നടന്ന ഹാളിൽ തള്ളിക്കയറി എംഎൽഎയെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. ഹാളിനു പുറത്ത് സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായപ്പോൾ പൊലീസ് രണ്ടുതവണ ലാത്തിവീശി. കോഴിക്കോട് ആവിക്കൽ തോട് മലിനജല പ്ലാന്റ് നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്ന് കാട്ടി, കഴിഞ്ഞ കുറേ നാളുകളായി ജനങ്ങൾ പ്രതിഷേധത്തിലാണ്.