ആവിക്കലില്‍ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലില്‍ സംഘര്‍ഷം; സമരക്കാരെ വളഞ്ഞിട്ട് തല്ലി പൊലീസ്
കോഴിക്കോട് ആവിക്കലിലെ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയ കൂട്ടമാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിടുകയും പൊലീസുകാര്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസ് ലാത്തികൊണ്ട് സമരക്കാരെ വളഞ്ഞിട്ട് തല്ലി. ഇതിന് പിന്നാലെ ചിതറിയോടിയ പ്രതിഷേധക്കാര്‍ അല്‍പ സമയത്തിന് ശേഷം വീണ്ടും ഒത്തുകൂടുകയായിരുന്നു. 17 പ്രതിഷേധക്കാര്‍ക്കും ഒരു പൊലീസുകാരനും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
സ്ത്രീകളടക്കം നൂറിലധികം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ജനകീയ സമിതി ഭാരവാഹികള്‍ നാട്ടുകാരോട് തല്‍ക്കാലത്തേക്ക് പിരിഞ്ഞുപോകാമെന്ന് പറഞ്ഞിട്ടും നാട്ടുകാര്‍ പലരും മടങ്ങിപ്പോകാന്‍ തയാറായില്ല.
കോഴിക്കോട് കോര്‍പറേഷനിലെ ആവിക്കല്‍ തോടില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ മുന്‍പും വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. സര്‍വേ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് പ്രദേശവാസികള്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ജനപ്രതിനികളോടു പോലും കൂടിയാലോചിക്കാതെയാണ് കോര്‍പ്പറേഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.