മിൽമ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടും, 5 ശതമാനത്തിൽ കുറയാത്ത വർധന ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ
പാലക്കാട്: സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂട്ടുമെന്ന് മിൽമ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങൾക്ക് 5 ശതമാനം വില വർധന ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പാലക്കാട് അറിയിച്ചു. നാളെ തന്നെ വില വർധന പ്രാബല്യത്തിൽ വരും. എത്ര രൂപ കൂടുമെന്നത് വൈകീട്ടോടെ അറിയാനാകും എന്നും മിൽമ ചെയർമാൻ വ്യക്തമാക്കി. അരി, പയർ, പാലുൽപ്പന്നങ്ങൾക്ക് നാളെ മുതൽ 5 ശതമാനം ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മിൽമയുടെ തീരുമാനം.
പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനമാണ് നാളെ നിലവിൽ വരുന്നത്. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കൾക്കാണ് ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസ്സി, പനീർ തുടങ്ങിയ ക്ഷീരോത്പന്നങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്‍ടി വരും. അരിക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ ഉയരാം. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവിൽ വരും.