Thursday, January 23, 2025
National

തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

ചെന്നൈ: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേര് പറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.

തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും അന്ന് മുതൽ വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിലാണ്. റോഡ് ഉപരോധിച്ചും മറ്റും തുടർന്നുപോന്ന സമരം ഇന്ന് രാവിലെ അക്രമാസക്തമായി. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർത്തു, തീയിട്ടു

പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനും അഗ്നിക്കിരയാക്കി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി സമരക്കാർക്കും ഇരുപതോളം പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നുകൂടി പൊലീസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്. സംഘർഷാവസ്ഥ തുടരുകയാണ്. കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *