ആസാമിലേക്ക് പോകാൻ ഗത്യന്തരമില്ലാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് സഹായഹസ്തവുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദുരന്തനിവാരണ സേനയും ടീം മിഷൻ ബത്തേരിയും
ആസാമിലേക്ക് പോകാൻ ഗത്യന്തരമില്ലാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് സഹായഹസ്തവുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദുരന്തനിവാരണ സേനയും ടീം മിഷൻ ബത്തേരിയും. കൊവിഡ് വ്യാപനത്തെ തുടർന്ന് പണിയില്ലാതായ കുടുംബത്തെയാണ് അവരുടെ നാട്ടിലേക്ക് എത്തിന്നതിനുവേണ്ട സഹായം ചെയ്തു നൽകിയത്. .നിലമ്പൂരിൽ കോഴിഫാമിൽ ജോലിചെയ്തുവന്ന കുടുംബമാണ് തൊഴിൽ നഷ്ട്ടപ്പെട്ടതോടെ നാട്ടിലേക്ക് പോകാൻ ഇറങ്ങിതിരിച്ചത്.
നാട്ടിലേക്ക് ബാംഗ്ലൂർ വഴി പോകാമെന്ന് കരുതിയാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നാല് കുട്ടികളുമടങ്ങുന്ന ആസാം കുടുംബം ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോവിൽ ഇന്നലെ കാലത്ത് എത്തിയത്.ഇവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ബത്തേരിയിൽ നിന്ന് അന്തർ സംസ്ഥാന സർവ്വീസുകൾ ഒന്നും പോകുന്നില്ലെന്ന്. കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ ജീവനക്കാർ ഡിപ്പോവിലെ ദുരന്ത നിവാരണ സേനയുമായി ബന്ധപ്പെടുകയും ഇവർ ബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം മിഷനുമായി ചേർന്ന് ഇവരെ ബാംഗ്ലൂരിലെത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തു. കുടുംബത്തിന് ഭക്ഷണവും മറ്റും നൽകുകയും യാത്രാ പാസ് ശരിയാക്കി നൽകുകയും ചെയ്തു. ഒരു ആംബുലൻസിൽ ഇവരെബാംഗ്ലൂരിൽ എത്തിക്കുന്നതിന് വേണ്ട നടപടിയും സ്വീകരിച്ചു. ആംബുലൻസിന്റെ വാടയും നാട്ടിലെത്താനുള്ള യാത്ര ചിലവും കെ.എസ്.ആർ.ടി.സിയുടെ ഡി.എം.ടീമും, ടീംമിഷനും ചേർന്ന് നൽകുകയുണ്ടായി.
നിലമ്പൂരിലെ കോഴിഫാമിലെ ജീവനക്കാരായ ആസാം സ്വദേശികൾക്ക് കൊവിഡ് വ്യാപനത്തെ തുടർന്ന് പണിയില്ലാതായിട്ട് മൂന്ന് മാസമായി . രോഗശമനം ഉണ്ടാകും ഫാമിൽ പണികിട്ടുമെന്ന പ്രതീക്ഷയിൽ നാട്ടിലേക്ക് പോകാതെ പട്ടിണിയും പരിവട്ടവുമായി കഴിയുകയായിരുന്നു. ഇവിടെ ഇനിയും പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത്.സുൽത്താൻ ബത്തേരിയിലെത്തിയാൽ ബാംഗ്ലൂർക്ക് വണ്ടികിട്ടുമെന്നും അവിടെ നിന്ന് ആസാമിലേക്ക് ട്രെയിൻമാർഗ്ഗം നാട്ടിലെത്താമെന്ന് കരുതിയാണ് ഇവർ ബത്തേരിക്ക് വണ്ടി കയറിയത്.