കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി ടൗൺ സർവ്വീസ് ആരംഭിക്കാൻ ആലോചന
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ടൗണും പരിസരപ്രദേശങ്ങളേയും കോർത്തിണക്കികൊണ്ട് കെ.എസ്.ആർ.ടി.സി ടൗൺ സർവ്വീസ് ആരംഭിക്കാൻ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് വകുപ്പിന്റെയും ,ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആലോചനയോഗം നടന്നു.സുൽത്താൻ ബത്തേരി നഗരസഭ അതിർത്തിയിലെ എല്ലാ കൊച്ച് പട്ടണങ്ങളേയും കോർത്തിണക്കിസർവ്വീസ് നടത്താനാണ് ശ്രമിക്കുന്നത്.
ടൗൺ സർവ്വീസായി തുടക്കത്തിൽ നാല് ബസുകൾ ഓടിക്കാനാണ് നീക്കം. എല്ലാ ബസുകളും ഫെയർലാന്റിലെ താലൂക്ക് ആശുപത്രിവഴിയാണ് കടന്നുപോകുക. നിലവിൽ ഇതുവഴി രോഗികൾക്ക് ആശുപത്രിയിലേക്ക് എത്തിപ്പെടാൻ വാഹന സൗകര്യമില്ലെന്നുള്ള പരാതിക്ക് പരിഹാരമായാണ് ടൗൺ സർവ്വീസ് ഇതുവഴിയാക്കുന്നത്. 15 മിനിറ്റ് വിത്യാസത്തിൽ ആശുപത്രി വഴി ബസ് സർവ്വീസ് ഉണ്ടായിരിക്കും. സർക്കുലർ സർവ്വീസായിട്ടാണ് ബസുകൾ ഓടുക. കൊവിഡിന്റെയും മറ്റും പശ്ചാത്തലത്തിൽ ജില്ലാ സർവ്വീസുകൾ പോലും നഷ്ട്ടമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടൗൺ സർവ്വീസുകൾ ലാഭകരമാകുമെന്ന കണക്ക് കൂട്ടലാണ് ഇത്തരം സർവ്വീസുകൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സി യെ ചിന്തിപ്പിച്ചത്.
സുൽത്താൻ ബത്തേരി ടൗണിൽ നിന്നാരംഭിക്കുന്ന സർവ്വീസുകൾ കുപ്പാടി, പഴേരി, ഓടപ്പള്ളം ,മൂലങ്കാവ്, തൊടുവട്ടി, കൈപ്പഞ്ചേരി, ഫെയർലാന്റ് താലൂക്ക് ആശുപത്രി, കട്ടയാട്, ബീനാച്ചി ,കൈവട്ടാമൂല, പഴുപ്പത്തൂർ, പൂതിക്കാട്, മണിച്ചിറ തുടങ്ങിയ പ്രദേശങ്ങളെ കോർത്തിണക്കിയാണ് സർവ്വീസ് നടത്താനുള്ള നീക്കം നടത്തുന്നത്. എം.എൽ.എയുടെയും മുൻസിപ്പൽ ചെയർമാന്റെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് സർവ്വീസ് തുടങ്ങുന്നത്.
കെ.എസ്.ആർ.ടി.സി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടി.എൽ.സാബു, കൗൺസിലർമാരായ എൻ.എം.വിജയൻ, പി.പി.അയ്യൂബ്, റിനുജോൺ, ബാനുപുളിക്കൽ, എ.ടി.ഒ ജയകുമാർ, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഹരിരാജൻ എന്നിവർ പങ്കെടുത്തു.