പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 12 വർഷമായി മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. പതിറ്റാണ്ടുകളായി സുന്നി പ്രസ്ഥാനങ്ങളുടെ അമര സ്ഥാനത്തും തങ്ങളുണ്ടായിരുന്നു.
മാസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്ന തങ്ങളുടെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശമായിരുന്നു. പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി 1941 ജൂൺ 15നാണ് അദ്ദേഹത്തിന്റെ ജനനം. പരേതനായ മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, സാദിഖലി തങ്ങൾ, ഹമീദലി തങ്ങൾ എന്നിവർ സഹോദരങ്ങളാണ്
18 വർഷക്കാലം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിനാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.