കണ്ണൂരിൽ മഴുവുമായി എത്തി സൂപ്പർ മാർക്കറ്റ് അടിച്ചു തകർത്ത് യുവാവ്; ഓട്ടോ റിക്ഷയും കത്തിച്ചു
കണ്ണൂർ പെരിങ്ങത്തൂർ ടൗണിൽ മഴുവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ടൗണിലെ സൂപ്പർ മാർക്കറ്റിലെ സാധനങ്ങളും കൗണ്ടറും യുവാവ് അടിച്ചു തകർത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കട അടയ്‌ക്കേണ്ട സമയമായതിനാൽ ഒരു ഷട്ടർ മാത്രമേ തുറന്നിരുന്നുള്ളു. അക്രമാസക്തനായി എത്തിയ യുവാവ് ആദ്യം കൗണ്ടർ അടിച്ചു തകർത്തു. പിന്നാലെ സൂപ്പർ മാർക്കറ്റിനുള്ളിലെ സാധനങ്ങളും തകർത്തു. ആക്രമണം കണ്ട് ഭയന്ന ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു
ഫ്രിഡ്ജിന്റെ ചില്ലുകൾ തകർത്ത യുവാവ് ഇതിലുണ്ടായിരുന്ന രണ്ട് ചോക്ക് ലേറ്റുമെടുത്ത് പുറത്തേക്കിറങ്ങി. നാട്ടുകാർ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇവരെ ആയുധം വീശി ഭീഷണിപ്പെടുത്തി. യുവാവിനെ പിടിക്കാൻ ശ്രമിച്ച ചിലർക്ക് മഴു ആക്രമണത്തിൽ മുറിവേറ്റു
ഇതിന് കുറച്ചുസമയത്തിനുള്ളിൽ ജമാലിന്റെ ഓട്ടോ റിക്ഷ കത്തി നശിച്ച നിലയിൽ കണ്ടെത്തി. പിന്നാലെയാണ് ജമാലിനെ പോലീസ് പിടികൂടിയത്. ഇയാൾ സംഭവ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു.