ഡിജെ പാർട്ടിയിൽ റോയി മയക്കുമരുന്നും മദ്യവും വിളമ്പി; ഗുരുതര ആരോപണങ്ങളുമായി പോലീസ്
കൊച്ചിയിൽ മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഡലുകൾ പങ്കെടുത്ത പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയതായി പോലീസ് ആരോപിക്കുന്നു. ഇത് പുറത്തുവരാതിരിക്കാനാണ് ഹാർഡ് ഡിസ്‌ക് നശിപ്പിച്ചത്. അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്
ഹോട്ടലിലെ റൂഫ് ടോപ്പിലാണ് ഡിജെ പാർട്ടി നടന്നത്. ഉച്ചയ്ക്ക് 3.45ന് തന്നെ റൂഫ് ടോപ്പിലെ ക്യാമറയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ പറഞ്ഞു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു. ഇവിടെ തന്നെ ഒരു പാർട്ടി കൂടി കൂടാമെന്ന് പറഞ്ഞു
തങ്ങളുടെ കാറിനെ മറ്റൊരു കാർ പിന്തുടരുന്നതായി മനസ്സിലാക്കിയപ്പോൾ കുണ്ടന്നൂരിൽ വെച്ച് അബ്ദുൽ റഹ്മാൻ വണ്ടി നിർത്തി. അപ്പോഴും സൈജു വന്ന് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് നിർബന്ധിച്ചു. എന്നാൽ യുവതികളും സുഹൃത്തുക്കളും വഴങ്ങിയില്ല
ഇതിന് ശേഷമാണ് ഇരു കാറുകളും അമിത വേഗതയിൽ ചേസിംഗ് നടത്തിയത്. പലവട്ടം പരസ്പരം മറികടന്നു. ഇതിനിടെയാണ് മോഡലുകളുടെ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. ഇടപ്പള്ളി വരെ എത്തിയ സൈജു ഇവരെ കാണാതെ തിരികെ വരുമ്പോഴാണ് അപകടം കാണുന്നത്. തുടർന്ന് റോയിയെ വിളിച്ച് അറിയിച്ചു. റോയി മറ്റ് പ്രതികളുമായി ചേർന്ന് ഹാർഡ് ഡിസ്‌ക് ഊരി മാറ്റി ഡിവിആർ കായലിൽ എറിഞ്ഞു.