കൊച്ചി വാഹനാപകടം: ഹോട്ടലിലെ ഡിവിആർ കൈമാറി; ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു
കൊച്ചിയിൽ മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇവർ പങ്കെടുത്ത നൈറ്റ് പാർട്ടി നടന്ന ഹോട്ടലിലെ ഡിവിആർ പോലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ പോലീസിന് കൈമാറിയത്.
അതേസമയം ഹോട്ടലിലെ ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി വി ആർ കൂടിയുണ്ടെന്ന് പോലീസ് പറയുന്നു. ഇതും ഹാജരാക്കാൻ റോയി വയലാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോയിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
മുൻ മിസ് കേരളാ ജേതാക്കൾ യാത്ര ചെയ്ത വാഹനത്തെ പിന്തുടർന്ന കാറിന്റെ ഡ്രൈവർ സൈജുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിർദേശപ്രകാരമാണ് സൈജു ഇവരെ പിന്തുടർന്നത്. ഇതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്ന് സംശയിക്കുന്നു.