പരമ്പര സ്വന്തമാക്കാൻ രോഹിതും സംഘവും; ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20 ഇന്ന്
ഇന്ത്യ- ന്യൂസിലാൻഡ് രണ്ടാം ടി20 മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുക. ജയ്പൂരിൽ നടന്ന ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം.
വിജയം തുടരാമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ ക്യാമ്പിനുള്ളത്. ബാറ്റ്‌സ്മാൻമാരുടെ ഫോമാണ് പ്രതീക്ഷയെങ്കിലും ബൗളർമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കാര്യമായ മാറ്റത്തിന് ഇന്ത്യ ഇന്ന് തയ്യാറായേക്കില്ല.
അതേസമയം പരമ്പരയിൽ തിരികെ എത്താനാണ് ന്യൂസിലാൻഡിന്റെ ശ്രമം. ജയിംസ് നീഷത്തെയും ഇഷ് സോധിയെയും ടീമിലുൾപ്പെടുത്തിയേക്കും. മഞ്ഞുവീഴ്ചയുള്ള റാഞ്ചിയിൽ ടോസും നിർണായകമാണ്. 11 റൺസ് കൂടി നേടിയാൽ മാർട്ടിൻ ഗപ്റ്റിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമാകും.