നായകനായി നേടിയ സെഞ്ചറി കരുത്തോർമ; പഞ്ചാബിനെതിരെ വീണ്ടും സഞ്ജുവും സംഘവും
ഐ.പി.എല്ലിൽ നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിൽ തന്നെ സെഞ്ചറി നേടിയെങ്കിലും വിജയം തട്ടിപ്പറിച്ച പഞ്ചാബ് കിങ്‌സിനെതിരെ കണക്കുതീർക്കാൻ സഞ്ജുവും സംഘവും ഇന്നിറങ്ങുന്നു. മറുവശത്ത് അവശേഷിക്കുന്ന മത്സരങ്ങളെല്ലാം വിജയിച്ച് പ്ലേഓഫ് സാധ്യത ഉറപ്പിക്കാനുള്ള മുന്നൊരുക്കവുമായാണ് കെ.എൽ രാഹുലിന്റെ പഞ്ചാബ് കിങ്‌സ് എത്തുന്നത്.
കരുത്തരായ താരങ്ങളുടെ അഭാവത്തിൽ ശരിക്കും തപ്പിപ്പിടിക്കുകയായിരുന്നു ഇത്തവണ രാജസ്ഥാൻ. ഏഴു മത്സരങ്ങളിൽനിന്ന് നാലിലും തോൽവി. സെഞ്ച്വറി പ്രകടനമൊഴിച്ചാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികളെ സഞ്ജു ഒരിക്കൽകൂടി നിരാശപ്പെടുത്തി. പോയിന്റ് പട്ടികയിൽ ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. പഞ്ചാബ് കിങ്സ് പുതിയ പേരുമായി വന്നിട്ടും പ്രകടനത്തിൽ ഒരു പുതുമയും ഇതുവരെ കൊണ്ടുവന്നിട്ടില്ല. എട്ടു മത്സരങ്ങൾ കളിച്ചതിൽ അഞ്ചിലും തോൽവിയായിരുന്നു. ആറുപോയിന്റുമായി ആറാം സ്ഥാനത്തുള്ള പഞ്ചാബിന് ഇനി ജയമല്ലാതെ മറ്റൊന്നും മുന്നിലില്ല.