Friday, April 11, 2025
National

പാർലമെന്റ് വർഷകാല സമ്മേളനം: സഭയിലെത്താത്ത പാർട്ടി എംപിമാരെ ശാസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ എംപിമാർ ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാവനമന്ത്രി നരേന്ദ്ര മോദി. നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും തിങ്കളാഴ്ച ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിൽ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകൾ പ്രധാനമന്ത്രി തേടിയെന്നാണ് വിവരം. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം മൂന്നിന് ലോക്സഭ പാസാക്കിയ ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ ട്രിബ്യൂണൽ ഉൾപ്പടെ ഒമ്പത് അപ്പീൽ ട്രിബ്യൂണൽ റദ്ദാക്കികൊണ്ടുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ പാസാക്കിയിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു ബിൽ പാസാക്കിയത്. ബിൽ പാസാക്കുന്ന സമയത്ത് പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടിരുന്നു. ഈ സന്ദർഭത്തിൽ ബിജെപിയുടെ ഏതാനും എംപിമാർ സഭയിൽ ഇല്ലായിരുന്നു. തുടർന്നാണ് ഇവരോട് അടിയന്തരമായി ഹാജരാകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകിയതെന്നാണ് വിവരം.

സഭയിൽ പരമാവധി ശ്രദ്ധയും സാന്നിധ്യവും ഉണ്ടായിരിക്കണമെന്നും പ്രതിപക്ഷം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സജ്ജരായിരിക്കണമെന്നും അദ്ദേഹം പാർലമെന്ററി പാർട്ടി യോഗത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *