ചോദ്യോത്തര വേള ഒഴിവാക്കി പാർലമെന്റിന്റെ വർഷകാല സമ്മേളനം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ചോദ്യോത്തോര വേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
ശൂന്യവേള അടക്കം മറ്റ് സഭാ നടപടികൾ തുടരും. പ്രതിപക്ഷം ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ചോദ്യോത്തര വേളയും സ്വകാര്യ ബില്ലുകളും ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പാർലമെന്റിനെ ഒരു നോട്ടീസ് ബോർഡിലേക്ക് ചുരുക്കി റബ്ബർ സ്റ്റാമ്പ് ആക്കി മാറ്റിയെന്ന് തരൂർ ട്വീറ്റ് ചെയ്തു.
സർക്കാരിനെ ചോദ്യം ചെയ്യാമെന്നതാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രാണവായു. എന്നാൽ ഭൂരിപക്ഷം ഉപയോഗിച്ച് ഈ സർക്കാർ പാർലമെന്റിനെ വെറും റബർ സ്റ്റാമ്പാക്കി നോട്ടീസ് ബോർഡിലേക്ക് ചുരുക്കിയിരിക്കുകയാണ് എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ജനാധിപത്യത്തെ കൊല്ലുന്നതിന് തുല്യമെന്നായിരുന്നു തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാന്റെ വിമർശനം. സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 1 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം