മുൻ വൈദിൻ റോബിനെ വിവാഹം ചെയ്യണം; കൊട്ടിയൂർ കേസിൽ ഇര സുപ്രീം കോടതിയിൽ
കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം ചെയ്യാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെൺകുട്ടി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇരയായ പെൺകുട്ടി നേരത്തെ ഹൈക്കോടതിയിലും പറഞ്ഞിരുന്നു. ഇരയെയും കുട്ടിയെയും താൻ സംരക്ഷിക്കാമെന്ന റോബിന്റെ വാദം പക്ഷേ ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്.
വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെടുന്നു. വൈദികനായിരുന്ന റോബിൻ കുട്ടിയെ പീഡിപ്പിക്കുമ്പോൾ കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. വിവാഹത്തിന് നിയമപരമായ പവിത്രത നൽകുന്നത് കേസിലെ പ്രധന വിഷയത്തിൽ മുൻകൂർ തീരുമാനമെടുത്തതിന് തുല്യമാകുമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.
കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിന തടവാണ് വിധിച്ചിട്ടുള്ളത്. മൂന്ന് ശിക്ഷയും കൂടി 20 വർഷം തടവ് അനുഭവിച്ചാൽ മതിയാകും.