ബംഗാളിൽ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് പോയ നേതാക്കൾ തിരികെ തൃണമൂലിലേക്ക് വരാനൊരുങ്ങുന്നു
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയവർ തിരികെ വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് വീണ്ടും തൃണമൂലിലേക്ക് ചേക്കേറാൻ ഇവർ ഒരുങ്ങുന്നത്.
ദീപേന്ദു ബിശ്വാസാണ് തിരിച്ചുവരാനൊരുങ്ങുന്നവരിൽ പ്രമുഖൻ. ദീപേന്ദു ബിശ്വാസ് മമതാ ബാനർജിക്ക് കത്തെഴുതുകയും ചെയ്തു. ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ നിഷ്‌ക്രിയമായി ഇരിക്കേണ്ടി വരുമെന്ന ഭയത്താലുണ്ടായ വൈകാരിക തീരുമാനമായിരുന്നുവത്. തൃണമൂലിലിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് ദീപേന്ദു കത്തിൽ പറയുന്നു
സോണാലി ഗുഹ, സരള മുർമു, രജീബ് ബാനർജി തുടങ്ങിയവരും തൃണമൂലിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ക്ഷമ ചോദിച്ചു കൊണ്ട് സോണാലി ഗുഹ കത്തെഴുതുകയും ചെയ്തു.