Saturday, October 19, 2024
Sports

ക്ലാസിക് സെഞ്ച്വറിയുമായി അശ്വിൻ; ഇന്ത്യ 286ന് പുറത്ത്, 481 റൺസിന്റെ കൂറ്റൻ ലീഡ്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അതിമനോഹര സെഞ്ച്വറിയുമായി ആർ അശ്വിൻ. 137 പന്തുകളിൽ നിന്നാണ് അശ്വിൻ സെഞ്ച്വറി തികച്ചത്. ഒമ്പത് വിക്കറ്റുകളും വീണതിന് ശേഷവും അവസാന ബാറ്റ്‌സ്മാനായ സിറാജിനെ ഒരുവശത്ത് നിർത്തിയായിരുന്നു അശ്വിന്റെ സെഞ്ച്വറി നേട്ടം

ഒമ്പതാമനായി ഇഷാന്ത് ശർമ പുറത്താകുമ്പോൾ അശ്വിൻ എൺപതിലേക്ക് എത്തി നിൽക്കുന്നതേയുണ്ടായിരുന്നുള്ളു. ഇവിടെ നിന്നാണ് സിറാജിനെ കൂട്ടുപിടിച്ച് അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കിയത്. 91ൽ നിൽക്കെ ഒരു കൂറ്റൻ സിക്‌സും പിന്നാലെ ഡബിളും ബൗണ്ടറിയും പായിച്ചായിരുന്നു സെഞ്ച്വറി നേട്ടം.

അതേസമയം രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 286 റൺസിന് എല്ലാവരും പുറത്തായി. 148 പന്തിൽ ഒരു സിക്‌സും 14 ഫോറും സഹിതം 106 റൺസെടുത്ത അശ്വിനാണ് ഒടുവിൽ പുറത്തായത്. മുഹമ്മദ് സിറാജ് 21 പന്തിൽ രണ്ട് സിക്‌സ് അടക്കം 16 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യക്ക് 481 റൺസിന്റെ ലീഡുണ്ട്. രണ്ട് ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ഇത് പ്രതിരോധിക്കാൻ സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. മൂന്നാം ദിനമായ ഇന്ന് 56ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. 106 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ കോഹ്ലിയും അശ്വിനും ചേർന്നുള്ള കൂട്ടുകെട്ടാണ് പിടിച്ചുയർത്തിയത്.

ഇരുവരും ചേർന്ന് സ്‌കോർ 202 വരെ എത്തിച്ചു. 62 റൺസെടുത്ത കോഹ്ലി പുറത്തായതിന് പിന്നാലെ അശ്വിൻ ഒറ്റക്ക് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച്, മൊയിൻ അലി എന്നിവർ നാല് വീതം വിക്കറ്റുകളും ഒലി സ്‌റ്റോൺ ഒരു വിക്കറ്റുമെടുത്തു.

Leave a Reply

Your email address will not be published.