Thursday, January 9, 2025
World

ലോകത്ത് ആറുകോടി കടന്ന് കൊവിഡ് ബാധിതര്‍; മരണം 14.37 ലക്ഷമായി, അമേരിക്കയില്‍ മാത്രം 1.32 കോടി രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുകോടി കടന്നു. പുതിയ കണക്കുകള്‍പ്രകാരം വിവിധ രാജ്യങ്ങളിലായി 6,13,08,116 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14,37,835 പേര്‍ക്ക് ജീവനും നഷ്ടമായി. രോഗബാധിതരുടെ എണ്ണം കൂടിവരുമ്പോഴും രോഗമുക്തി നിരക്കിലുണ്ടാവുന്ന വര്‍ധന ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ 4,23,95,359 പേരുടെ രോഗം ഭേദമായി. 1,74,74,922 രോഗികള്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ ഒരുലക്ഷം പേരുടെ നില ഗുരുതരമായി തുടരുന്നു. ലോകത്തെ പ്രതിദിന രോഗികളുടെ എണ്ണവും കുറച്ചുദിവസങ്ങളായി ഉയര്‍ന്ന നിരക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 5.41 ലക്ഷം പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്.
10,957 മരണവും റിപോര്‍ട്ട് ചെയ്തു. അമേരിക്കയിലാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതലുള്ളത്. ഒറ്റദിവസം ഇവിടെ ഒരുലക്ഷത്തിലധികം പേരാണ് രോഗികളായത്. 1,306 മരണവും രേഖപ്പെടുത്തി. രാജ്യത്ത് ആകെ 1,32,48,676 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 2,69,555 പേര്‍ വൈറസിന് കീഴടങ്ങി മരിച്ചു. 78,46,872 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും 51,32,249 പേര്‍ ചികില്‍സയില്‍ തുടരുന്നതായും 24,396 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, യുകെ, ഇറ്റലി, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,174 പേര്‍ക്കും ബ്രസീലില്‍ 37,672 പേര്‍ക്കും വൈറസ് പോസിറ്റീവായി. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,32,48,676 (1,08,063), ഇന്ത്യ- 93,09,871 (43,174), ബ്രസീല്‍- 62,04,570 (37,672), റഷ്യ- 21,87,990 (25,487), ഫ്രാന്‍സ്- 21,83,660 (13,563), സ്‌പെയിന്‍- 16,37,844 (7,991), യുകെ- 15,74,562 (17,555), ഇറ്റലി- 15,09,875 (29,003), അര്‍ജന്റീന- 13,99,431 (9,043), കൊളംബിയ- 12,80,487 (9,496).

Leave a Reply

Your email address will not be published. Required fields are marked *