Thursday, January 9, 2025
Kerala

തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര ചികില്‍സാപ്പിഴവ്; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ചു

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ഗുരുതരമായ ചികില്‍സാപ്പിഴവുണ്ടായത്. വലിയതുറ സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വയറിനുള്ളില്‍ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് യുവതിയുടെ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റു.

പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്. വലിയതുറ സ്വദേശി 22 വയസുള്ള അല്‍ഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയത്. സിസേറിയന്‍ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ശസ്ത്രക്രിയക്കുശേഷം ആശുപത്രിവിട്ട അല്‍ഫീനയ്ക്കു എഴുന്നേറ്റിരിക്കാന്‍ പോലുമാവാത്ത അവസ്ഥയായി. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് സ്‌കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് ശ്രദ്ധയില്‍പ്പെട്ടത്.

അണുബാധമൂലം പഴുപ്പും നീരുംകെട്ടി. വേദന അസഹനീയമായി. എസ്എടി ആശുപത്രിലെത്തിച്ചപ്പോള്‍ അടിയന്തരശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ആദ്യം കീ ഹോള്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ വയറുകീറി പഞ്ഞി പുറത്തെടുത്തു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ നിര്‍ദേശം. സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *